കൊച്ചി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആദ്യ ദിവസം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 11.55 ഓടെ സംഭവിച്ച തകരാര്‍ വൈകിട്ട് ആറ് മണിക്ക് ശേഷമാണ് പരിഹരിച്ചത്. കാര്‍ഡ് ഉടമ വിരല്‍ പതിപ്പിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് റേഷന്‍ നല്‍കാനുള്ള സംവിധാനമാണ് പ്രവര്‍ത്തിക്കാതിരുന്നത്.
മെഷീന്‍ തകരാറ് മൂലം ആയിരക്കണക്കിന് പേരാണ് കിറ്റ് വാങ്ങാനാകാതെ മടങ്ങിയത്. ചില കടകളില്‍ കാര്‍ഡ് ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് റേഷന്‍ കിറ്റും വിതരണം ചെയ്തു. എന്നാല്‍ പല റേഷന്‍ കാര്‍ഡ് ഉടമകളും മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതാതിരുന്നത് മൂലം ഇത് എല്ലായിടത്തം പ്രാവര്‍ത്തികമായില്ല.
നാഷണല്‍ ഇര്‍ഫൊര്‍മാറ്റിക്‌സ് സെന്ററിന്റെ ഹൈദരാബാദിലെ സെര്‍വറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണിതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇപോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭിക്കുകയുള്ളൂ. ആദ്യ ദിനം 46,000 ഓണക്കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.