തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്.അനിലും വട്ടപ്പാറ സിഐയും തമ്മില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കിയ കേസില്‍ പൊലീസിന്റെ അറസ്റ്റ്. പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവായ മണ്ണന്തല സ്വദേശിയെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.
രണ്ടാനച്ഛന് 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചു എന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം പരാതി നല്‍കാനായി കുട്ടിയുടെ മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം പരാതി രേഖാമൂലം നല്കാന് തയ്യാറായില്ലെന്നും നിര്‍ബന്ധിച്ചതിന് ശേഷമാണ് മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് സ്ത്രീ പരാതിയുമായി സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് മന്ത്രി വട്ടപ്പാറ സി.ഐ.യെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് വിളിക്കുന്നത്. ന്യായം നോക്കി ചെയ്യാമെന്ന സിഐയുടെ മറുപടി കേട്ട് മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മന്ത്രിയും സിഐയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ സി.ഐയെ സ്ഥലം മാറ്റിയിരുന്നു.