ശ്രീലങ്കയിൽ നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പൽ മടങ്ങി

കൊളംബോ: ഇന്ത്യയുടെ എതിർപ്പു വകവയ്ക്കാതെ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് 5’ ആറ് ദിവസത്തിനു ശേഷം ചൈനയിലേക്ക് മടങ്ങി. കപ്പൽ ചൈനയിലെ ജിയാങ് യിൻ തുറമുഖത്തേക്കാണ് മടങ്ങുന്നത്.

സുരക്ഷാചട്ടങ്ങൾ പാലിച്ചാണ് കപ്പൽ നങ്കൂരമിട്ടതെന്നും ഇക്കാലയളവിൽ കപ്പലിലെ ജീവനക്കാർ മാറിയിട്ടില്ലെന്നും ശ്രീലങ്ക വ്യക്തമാക്കി. ശ്രീലങ്കയിലെ ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയും നൽകിയിരുന്നു.

ശാസ്ത്ര ഗവേഷണമാണ് കപ്പലിന്റെ ദൗത്യമെന്ന് ചൈന ആവർത്തിക്കുമ്പോഴും കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാർഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു.
അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഹംബൻതോട്ട തുറമുഖത്തിന്റെ പൂർണ അവകാശം ചൈനയ്ക്കു ലഭിച്ചതോടെ ഭാവിയിൽ കൂടുതൽ ചൈനീസ് കപ്പലുകൾ എത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ.