തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധ വാക്‌സിന്‍ എടുത്തിട്ടും മരിച്ചു

കോഴിക്കോട്: പേരാമ്പ്രയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക(53) ആണ് പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും മരിച്ചത്.

കഴിഞ്ഞ മാസം 21-നാണ് വീടിനടുത്തുള്ള പാടത്ത് വെച്ച് ചന്ദ്രികയെ തെരുവുനായ കടിച്ചത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേര്‍ക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു. ചന്ദ്രികയുടെ മുഖത്തായിരുന്നു കൂടുതല്‍ പരുക്ക്. ശാരീരികാസ്വസ്ഥതതകളെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരണം പേവിഷബാധയേറ്റതു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാഫലം വരുന്നത് വരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡി.എം.ഒ അറിയിച്ചു.