മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി; യുഡിഎഫ് സീറ്റുകള്‍ ഇരട്ടിയാക്കി

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 35-ല്‍ 21 സീറ്റുകള്‍ നേടി എല്‍.ഡി.എഫിന് തുടര്‍ഭരണം. എന്നാല്‍ കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി യു.ഡി.എഫ് സീറ്റുകള്‍ ഇരട്ടിയാക്കി കരുത്ത് തെളിയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫിന് ഏഴ് സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ യു.ഡി.എഫിന് 14 സീറ്റുകളുണ്ട്. ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ജയിക്കാനായില്ല.

മട്ടന്നൂര്‍ എച്ച്.എസ്.എസിലായിരുന്നു വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ 84.61 ആയിരുന്നു പോളിങ്ങ് ശതമാനം. ആകെയുള്ള 38811 വോട്ടര്‍മാരില്‍ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇടതുമുന്നണിയുടെ എട്ട് വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിലെ നഗരസഭാ കൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10-നാണ് അവസാനിക്കുക. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11-ന് നടക്കും.