ദലിത് യുവതിക്ക് നേരെ ലൈംഗികാതിക്രമം: കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ അപ്പീലിനെത്തുടര്‍ന്നാണ് കോടതി നടപടി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നല്‍കിയ ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശം ഉണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. പരാതി നല്‍കാന്‍ വൈകിയത് അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം കാരണമാണെന്നും യുവതി കോടതിയെ അറിയിച്ചു.

നേരത്തെ സിവിക് ചന്ദ്രന്‍ പ്രതിയായ രണ്ട് ലൈംഗികാതിക്രമക്കേസുകളില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. പീഡനം നടന്ന സമയത്ത് യുവതി പ്രകോപനപരമായി വസ്ത്രം ധരിച്ചതിനാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ പ്രസ്താവന. സിവിക് ചന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്ന് ഇത് വ്യക്തമാണന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കോടതി പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും രംഗത്തുവന്നിരുന്നു. വിവിധ സ്ത്രീസംഘടനകളും വിഷയത്തില്‍ പരസ്യമായി കോടതിയെ വിമര്‍ശിച്ചിരുന്നു.