ബീച്ചിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍, സംഘാടകര്‍ക്കെതിരെയും കേസ്

കോഴിക്കോട് ബീച്ചില്‍ ഇന്നലെ സംഗീതപരിപാടിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബാണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിപാടിയ്ക്ക് മതിയായ സൗകര്യം ഒരുക്കാത്തതിന് സംഘാടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹാരണത്തിനാണ് കോഴിക്കോട് ബീച്ചില്‍ ഇന്നലെ വൈകിട്ട് സംഗീതപരിപാടി നടത്തിയത്. ടിക്കറ്റ് വില്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിലേക്ക് നയിച്ചത്. തിക്കിലും തിരക്കിലും പെട്ട് എഴുപതിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ സ്ഥലത്തെത്തിയ പൊലീസിന് നേരെ ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടു. തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ ഇരച്ചെത്തുകയായിരുന്നു. വേദിയ്ക്ക് താങ്ങാവുന്നതിലപ്പുറം ആളുകള്‍ പരിപാടിയ്‌ക്കെത്തിയതോടെ സംഘാടകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തിവെച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടു. പരുക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് ബീച്ചില്‍ സംഗീതപരിപാടി സംഘടിപ്പതെന്ന് മേയര്‍ ബീന ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.