ഓണത്തിനു പുറമേ ക്രിസ്തുമസിനും റംസാനും സപ്ലൈകോയുടെ ഭക്ഷ്യകിറ്റുകള്‍; മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ ഓണത്തിനു പുറമേ ക്രിസ്തുമസ്, റംസാന്‍ എന്നീ ഉത്സവങ്ങളോട് അനുബന്ധിച്ചും സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റുകള്‍ വില്പന നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് 1000 രൂപയുടെ സ്‌പെഷ്യല്‍ കിറ്റുകളുടെ വില്പന. ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ ഒരു സമ്മാനവും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്ഥലത്ത് എത്തിച്ചു നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും. ടാര്‍ഗറ്റില്‍ കൂടുതല്‍ വില്പന നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതടക്കം പരിഗണനയിലുണ്ട്.