വിസിയുടെ പെരുമാറ്റം പാര്‍ട്ടി കേഡറിനെപ്പോലെ; സര്‍വ്വകലാശാലകളിലെ മൂന്ന് വര്‍ഷത്തെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

ന്യൂഡെല്‍ഹി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന എല്ലാ നിയമനങ്ങളിലും സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറിനെപ്പോലെയാണ് പെരുമാറുന്നതെന്നും വിസിയുടെ നടപടികള്‍ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരിക്കുന്നവരുടെ പ്രീതി സമ്പാദിക്കാനാണ് കണ്ണൂര്‍ വിസി ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്. ഇത് വളരെ ലജ്ജാകരമാണെന്നും അദ്ദേഹത്തിന്റെ പദവിയ്ക്ക് ചേര്‍ന്ന രീതിയിലല്ല പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷിക്കാനാണ് തയ്യാറെടുക്കുന്നത്. വിസി നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവരുന്നത് ബന്ധുനിയമനം എളുപ്പമാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍വ്വകലാശാലകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. സര്‍വ്വകലാശാലകള്‍ രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. നിയമപരമായും ധാര്‍മ്മികമായും ശരിയായ രീതിയിലല്ല പ്രവര്‍ത്തനമെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്തെ മിടുക്കന്മാരായ പല വിദ്യാര്‍ത്ഥികളും പുറത്തുള്ള മറ്റ് സര്‍വ്വകലാശാലകളിലേക്ക് പോകുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

കേരള സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള സേര്‍ച്ച് പാനലിന്റെ നിയമനം നിയമപരമായിട്ടുള്ളതാണ്. കേരള സര്‍വ്വകലാശാലയില്‍ താന്‍ ചെയ്തതെല്ലാം നിയമപരമായിട്ടാണ്. തനിക്കെതിരെ സര്‍വ്വകലാശാല പ്രമേയം പാസ്സാക്കുന്നെങ്കില്‍ പാസ്സാക്കട്ടെ. തന്റെ ചുമതലയാണ് നിര്‍വ്വഹിക്കുന്നത്. ഇതുവരെ സര്‍വ്വകലാശാല നോമിനിയെ നിയോഗിക്കാത്തത് സര്‍വ്വകലാശാലയുടെ കഴിവുകേടാണെന്ന് വ്യക്തമാക്കുന്നതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.