ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന് സ്വപ്‌ന സുരേഷ്; ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ഗൂഢാലോചന കേസുകള്‍ ഉള്‍പ്പെടെ പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാണ് ആവശ്യം. മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യം.

ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസില്‍ വിധി പറയുക. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് എടുത്തത് എന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമാണ് ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്.

എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.