സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അപ്പീല്‍

കൊച്ചി: യുവതിയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യ ഉത്തരവിലെ സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ അനുചിതമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കോടതിയുടെ നിരീക്ഷണം എസ്.സി/ എസ്.ടി വിഭാഗത്തിന് നേരെയുള്ള അതിക്രമം തടയുന്ന നിയമത്തിനെതിരെയാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം കാരണമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു.

നേരത്തെ കേസില്‍ സിവിക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതിയുടെ നിരീക്ഷണം വിവാദമായിരുന്നു. പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചതിനാല്‍ കുറ്റാരോപിതനെതിരെയുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നായിരുന്നു ഒരു കേസിലെ ഉത്തരവ്. രണ്ടാമത്തേതില്‍ പട്ടികജാതിക്കാരിയല്ലെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും അതിനാല്‍ കേസില്‍ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

രണ്ടു കേസുകളിലും ജാമ്യാപേക്ഷ പരിഗണിച്ചതും ഉത്തരവ് പുറപ്പെടുവിച്ചതും ഒരേ ജഡ്ജിയായിരുന്നു. ഉത്തരവുകള്‍ വിവാദമായതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.