ഉടമകള്‍ക്ക് കര്‍ശനനിര്‍ദ്ദേശവും മുന്നറിയിപ്പും: കൊച്ചിയില്‍ ഫ്‌ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

കൊച്ചി: കാക്കനാട് ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി സിറ്റി പൊലീസ് കമ്മീഷണര്‍. കൊച്ചിയിലുള്ള ഫ്‌ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കാനും പുറത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ലാറ്റുകളില്‍ രജിസ്റ്റര്‍ സൂക്ഷിക്കുകയും സിസിടിവി കൃത്യമായി സ്ഥാപിക്കുകയും ചെയ്യണം. ഇതുസംബന്ധിച്ച് വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നത് പൊലീസ് പരിശോധന പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഫ്‌ലാറ്റ്, വീട് ഉടമകള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. അസ്വാഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാത്ത ഫ്‌ലാറ്റ് ഉടമകളെ കൂട്ടുപ്രതിയാക്കി കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കി.

അതേസമയം കാക്കനാട് യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഫ്‌ലാറ്റില്‍ ലഹരിവില്പന ഉണ്ടായിരുന്നു. ഇവിടെ ആളുകള്‍ വന്ന് ലഹരിമരുന്നുകള്‍ വാങ്ങുകയും പണമിടപാടുകള്‍ നടക്കുകയും ചെയ്യാറുണ്ടായിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട്ടുള്ള ഫ്‌ലാറ്റില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബെഡ്ഷീറ്റിലും കവറിലും പൊതിഞ്ഞ് ഫ്‌ലാറ്റിലെ ബാല്‍ക്കെണിയിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സജീവ് കൃഷ്ണയ്‌ക്കൊപ്പം ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന അര്‍ഷാദിനെ പൊലീസ് പിടികൂടിയിരുന്നു. ലഹരിമരുന്ന് ഇടപാടില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.