ഉത്തരവില്‍ അവ്യക്തത; ഗവര്‍ണര്‍ക്കെതിരെ സര്‍വ്വകലാശാല ഉടന്‍ ഹൈക്കോടതിയിലേക്കില്ല

കണ്ണൂര്‍: മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തീരുമാനം. നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തത ഇല്ലെന്നും അത് സ്‌റ്റേയായി കണക്കാക്കേണ്ടതുണ്ടോ എന്നതില്‍ വ്യക്തത വരുത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ മതിയെന്നുമാണ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച കണ്ണൂര്‍ സര്‍വ്വകലാശാല ഉത്തരവ് മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്നലെ ചേര്‍ന്ന ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. വൈസ് ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഗവര്‍ണര്‍ നിയമന നടപടികള്‍ മരവിപ്പിച്ചതെന്നും ഇത് നിയമപരമല്ലെന്നുമായിരുന്നു വിസിയ്ക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നത്.