ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം: മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡെല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. സിസോദിയയുമായി ബന്ധപ്പെട്ട ഏഴ് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടക്കുന്നത്.

വീട്ടിലേക്ക് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് സ്വാഗതമെന്നും ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ വേട്ടയാടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

സി.ബി.ഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ മുന്‍പും റെയ്ഡ് നടന്നിരുന്നുവെന്നും എന്നാല്‍ അതില്‍നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ആരോഗ്യ-വിദ്യാഭ്യാസ മാതൃകകളെ ലോകം അഭിനന്ദിക്കുന്നുണ്ടെന്നും അതിനാലാണ് ആരോഗ്യ- വിദ്യാഭ്യാസ മന്ത്രിമാരുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ കൊണ്ടുവന്ന എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി ചീഫ് സെക്രട്ടറി ജൂലൈയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിയമലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.