മധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മ്മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്.

ഓഗസ്റ്റ് 15-ന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് ജോലിസ്ഥലമായ പച്മാര്‍ഹിയിലുള്ള ആര്‍മി എഡ്യൂക്കേഷന്‍ കോര്‍പ്‌സ് സെന്ററിലേക്ക് കാറില്‍ പോകുമ്പോഴാണ് കാണാതായത്. നിര്‍മ്മല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ടതായാണ് സംശയിക്കുന്നത്.

നിര്‍മ്മല്‍ ശിവരാജ് സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. കാര്‍ കണ്ടെടുത്ത സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ ജി.പി.എസ് സിഗ്നല്‍ നേരത്തെ ലഭിച്ചിരുന്നുവെങ്കിലും കാര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്താനായത്. പിന്നീട് സമീപത്ത് നിന്ന് മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.