ഇടുക്കിയില്‍ 40 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു; പരുക്കേറ്റയാളുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി മുട്ടത്തിന് സമീപം ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ മറ്റൊരാളെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് റബ്ബര്‍പാലുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്. ലോറിയിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ ഡ്രൈവറാണെന്നാണ് സൂചന. പരുക്കേറ്റ ഒപ്പമുണ്ടായിരുന്നയാളുടെ നില ഗുരുതരമാണ്.

റോഡില്‍ നിന്നും 40 അടി താഴ്ചയിലേക്കാണ് ലോറി വാണത്. മുക്കാല്‍ മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെയും പുറത്തെടുക്കാനായത്. അപകടത്തെത്തുടര്‍ന്ന് ലോറിയുടെ ക്യാബിന്‍ പൂര്‍ണ്ണമായും തകര്‍ന്നു.

വാഹനത്തില്‍ നിറയെ റബ്ബര്‍ പാല്‍ നിറച്ച വീപ്പകളായിരുന്നു. അപകടം നടന്നതിന് സമീപത്ത് ഒരു വീട് ഉണ്ടായിരുന്നുവെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല.