ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. വെള്ളിയാഴ്ച ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് വിസി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചായിരുന്നു വിസിയുടെ പ്രതികരണം.

റിസര്‍ച്ച് സ്‌കോറില്‍ പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് നിയമന അഭിമുഖത്തില്‍ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ നിയമനം മരവിപ്പിച്ചത്. ഇതു സംബന്ധിച്ച് വിസി നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയായിരുന്നു. വൈസ് ചാന്‍സലറിനും നിയമനടപടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കും ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കാന്‍ ജൂണ്‍ 27-ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇതടക്കമുള്ള നിയമനടപടികളാണ് ചാന്‍സലറെന്ന നിലയില്‍ മരവിപ്പിക്കുന്നതെന്ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നത്. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ തുടര്‍നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.