വ്യക്തിവിരോധവും രാഷ്ട്രീയ തര്‍ക്കങ്ങളും കാരണം; ഷാജഹാന്‍ വധക്കേസില്‍ നാല് പേര്‍ പിടിയില്‍

പാലക്കാട്: മലമ്പുഴയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയില്‍ നേരിട്ടു പങ്കെടുത്ത നവീന്‍, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാജഹാനുമായി പ്രതികള്‍ക്കുണ്ടായിരുന്ന വ്യക്തിവിരോധവും പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു.

പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചുവരികയാണ്. എട്ടുപേരെയാണ് ആദ്യം പ്രതി ചേര്‍ത്തതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ആര്‍.വിശ്വനാഥ് പറഞ്ഞു.

പ്രതികള്‍ക്ക് 2019 മുതല്‍ തന്നെ ഷാജഹാനോട് വൈരാഗ്യമുണ്ടായിരുന്നു. ഷാജഹാന്റെ പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് വലിയ എതിര്‍പ്പായിരുന്നു. പ്രതികള്‍ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസം നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടുകയും ചെയ്തു. അന്ന് തന്നെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഫ്‌ളെക്‌സ് വെക്കുന്നതിലും തര്‍ക്കമുണ്ടായി. അതാണ് കൊലപാതകത്തിന് കാരണമായതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.