പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിധിയില്‍ വിചിത്ര പരാമര്‍ശവുമായി കോടതി. പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചതിനാല്‍ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്.

കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രവും കോടതിയില്‍ സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ചിരുന്നു. ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രമാണ് പരാതിക്കാരി ധരിച്ചിരിക്കുന്നതെന്ന് ഈ ഫോട്ടോയില്‍ നിന്ന് വ്യക്തമാണെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ 354 A വകുപ്പ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കോടതിയുടെ പരാമര്‍ശം വിവാദമായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പുരുഷാധിപത്യ മനോഭാവമാണ് കോടതിയുടെ ഉത്തരവിലുള്ളതെന്ന് കെ.അജിത പറഞ്ഞു. ജുഡീഷ്യറിയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന ഇത്തരം വിധികള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന് എഴുത്തുകാരി സി.എസ്.ചന്ദ്രിക പ്രതികരിച്ചു.

2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാക്യാമ്പിലെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഏപ്രിലില്‍ പുസ്തകപ്രസാധനത്തിന് നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ ലൈംഗികമായി അതിക്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഈ രണ്ട് കേസിലും സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.