കൊച്ചി ഫ്ലാറ്റ് കൊലപാതകം: പ്രതിയെ പിടികൂടിയത് കാസര്‍കോട് നിന്ന്; മയക്കുമരുന്ന് ബന്ധമെന്ന് പൊലീസ്

കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. രണ്ട് ദിവസം മുമ്പാണ് സജീവ് കൃഷ്ണയെ കൊലപ്പെടുത്തുന്നത്. മരണവിവരം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ഷാദിനെ പൊലീസ് കാസര്‍കോട് നിന്നാണ് പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്യാന്‍ പറ്റുന്ന സാധാരണ അവസ്ഥയിലല്ലെന്നും മെഡിക്കല്‍ സഹായം ഉള്‍പ്പെടെ ഉപയോഗിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൊലപാതകം നടന്ന ഫ്ലാറ്റില്‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പതിവായി ഇവിടെ പലരും വന്നുപോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പിടിയിലായ അര്‍ഷാദിന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. കാസര്‍കോട് നിന്ന് പിടിയിലായ അര്‍ഷാദിന്റെ ബൈക്കില്‍ നിന്ന് എം.ഡി.എം.എം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ഇയാളുടെ ബൈക്കില്‍ നിന്ന് ഒരു കിലോ കഞ്ചാവ്, എം.ഡി.എം.എം., ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെത്തിയത്.

മഞ്ചേശ്വരത്തുവെച്ച് കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദിനെ പൊലീസ് പിടികൂടുന്നത്. ഇരുചക്രവാഹനത്തില്‍ സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദിനെ പിടികൂടുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പിടികൂടിയിട്ടുണ്ട്.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റിലും കവറിലും പൊതിഞ്ഞ് ഫ്ലാറ്റിന്റെ ബാല്‍ക്കെണിയിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.