വിധി നടപ്പിലാക്കിയാല്‍ വലിയ പ്രത്യാഘാതം; ബഫര്‍സോണിനെതിരെ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡെല്‍ഹി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബഫര്‍സോണില്‍പ്പെടുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ എന്ന ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുവാന്‍ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്. രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടര ഇരട്ടിയിലധികമാണ് കേരളത്തിന്റെ ജനസാന്ദ്രത. ഈ മേഖലയില്‍ നിന്നുള്ളവരെ മാറ്റി താമസിപ്പിക്കുക പ്രായോഗികമല്ല. ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണിതെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതിവിധി കൊച്ചിയിലെ മംഗള വനത്തിന് സമീപത്തുള്ള ഹൈക്കോടതിയേയും ബാധിക്കുമെന്ന് കേരളം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.