ലോകായുക്ത ഓര്‍ഡിനന്‍സ്: മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. മന്ത്രിസഭായോഗത്തില്‍ സി.പി.ഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചത്. ബില്‍ ഈ രൂപത്തില്‍ അവതരിപ്പിച്ചതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാന്‍ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാര്‍ പറഞ്ഞു.

അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്ലില്‍ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ നിയമപ്രശ്‌നമുണ്ടാകുമെന്നും ബില്ലിന്‍മേല്‍ പിന്നീട് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ലോകായുക്ത വിധിയില്‍ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന വ്യവസ്ഥയെയാണ് സിപിഐ എതിര്‍ത്തത്. ഇതിന് പകരം വിദഗ്ദ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് സിപിഐയുടെ ആവശ്യം.

ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് റദ്ദായിപ്പോയ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ ബില്ലായി അവതരിപ്പിക്കുന്നതിന് ഈ മാസം 22 മുതല്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടാണ് ലോകായുക്ത ബില്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്.

ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പിക്കാന്‍ കഴിയുന്നത്. ഈ വകുപ്പ് പ്രകാരം അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി വ്യക്തമായാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിയ്ക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്.

ആര്‍ക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ആ ഭാഗത്താണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയില്‍ ഹിയറിങ്ങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു ഭേദഗതി. ബന്ധുനിയമനവിവാദത്തില്‍ ലോകായുക്ത വിധിയെത്തുടര്‍ന്നാണ് മുന്‍മന്ത്രി കെ.ടി.ജലീലിന് രാജിവെക്കേണ്ടി വന്നത്.