നടന്നത് ആസൂത്രിത കൊലപാതകം, ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും; എ.കെ.ബാലന്‍

പാലക്കാട്: മലമ്പുഴയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. അതിക്രൂരമായ ആസൂത്രിത കൊലപാതകമാണ് നടന്നത്. എന്നാല്‍ ബി.ജെ.പി-ആര്‍.എസ്.എസ് സംഘം കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ്. ഇത് തുറന്നുകാണിക്കുമെന്നും എ.കെ.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. പട്ടാമ്പി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. അതിലൊരാള്‍ കൊലയുമായി നേരിട്ട് പങ്കുള്ളയാളും മറ്റൊരാള്‍ കൊലയാളി സംഘത്തെ നയിച്ചയാളുമാണ്. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ബാക്കി പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.