സല്‍മാന്‍ റുഷ്ദിയ്‌ക്കെതിരായ ആക്രമണം: ഉത്തരവാദിത്തം അദ്ദേഹത്തിനും പിന്തുണയ്ക്കുന്നവര്‍ക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയ്‌ക്കെതിരെ നടന്ന ആക്രമണത്തിന് ഉത്തരവാദി റുഷ്ദിയും അനുയായികളും മാത്രമാണെന്ന് ഇറാന്‍. സംഭവത്തില്‍ ഇറാനെതിരെ ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇസ്‌ലാമിക വിശുദ്ധതയെ അപമാനിച്ചും 150 കോടി മുസ്‌ലീങ്ങളുടെ വികാരം മറികടന്നുകൊണ്ടും സല്‍മാന്‍ റുഷ്ദി ജനരോഷം സ്വയം വരുത്തിവെയ്ക്കുകയായിരുന്നുവെന്ന് കനാനി പറഞ്ഞു.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ റുഷ്ദി സുഖം പ്രാപിച്ചു വരികയാണ്. കഴുത്തിലും വയറ്റിലും വലതു കണ്ണിലും നെഞ്ചിലും വലതു തുടയിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. അതേസമയം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി ഹാദി മാറ്റര്‍ കുറ്റം നിഷേധിച്ചെങ്കിലും അയാളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന വിവാദകൃതി പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖോമേനി 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പേരില്‍ വര്‍ഷങ്ങളോളം സല്‍മാന്‍ റുഷ്ദി വധഭീഷണി നേരിട്ടിരുന്നു.