ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥ; ഓക്‌സിജന്‍ കിട്ടാതെ തിരുവല്ലയില്‍ രോഗി മരിച്ചു

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്ത രോഗി മാര്‍ഗമധ്യേ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് മരിച്ചു. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജന്‍ (67) ആണ് ആംബുലന്‍സില്‍ വെച്ച് മരിച്ചത്.

ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പനി ബാധിച്ചതിനെ തുടര്‍ന്ന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട രാജനെ ബന്ധുക്കളാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ആശുപത്രിയിലെ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓക്‌സിജന്‍ തീര്‍ന്നെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ രാജനെ തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും അതിന് ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മരിച്ച രാജന്റെ മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഓക്‌സിജന്‍ കിട്ടാതെയുള്ള മരണമെന്നാണ് മെഡിക്കല്‍ കോളെജിലെ റിപ്പോര്‍ട്ടിലുള്ളത്.