ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ധീര രാജ്യസ്‌നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനഘടകമാണ്. സാമ്പത്തിക രംഗത്തുള്‍പ്പെടെ ആ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയപതാകയുയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളുമായി മാറുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറ. സാമ്പത്തിക രംഗത്തുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം. വികസന ആവശ്യത്തിന് വേണ്ടത്ര സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഫെഡറലിസത്തിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദേശീയത. മതനിരപേക്ഷത മറന്നുള്ള എന്ത് നിലപാടും സ്വാതന്ത്ര്യസമര ലക്ഷ്യങ്ങളുടെ നിരാകരണമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ വിവിധ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ മുഖ്യമന്ത്രി സ്വീകരിച്ചു.