ജലീലിന്റേത് രാജ്യദ്രോഹ പരാമര്‍ശം; നടപടി വേണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി

ന്യൂഡെല്‍ഹി: കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. രാജ്യതാത്പര്യത്തിനെതിരെയാണ് കെ.ടി. ജലീല്‍ സംസാരിക്കുന്നതെന്നും ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎം വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്‍വേര്‍ട്ടഡ് കോമയിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് അര്‍ത്ഥം ഒന്നേയുള്ളൂവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കെ.ടി.ജലീലിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് പുറത്താക്കണം. ജലീലിനെതിരെ കേസെടുക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞു.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജമ്മുവും കശ്മീരും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു.

അതേസമയം ജലീലിന്റെ പരാമര്‍ശം സിപിഐഎം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റു പരാമര്‍ശങ്ങളൊന്നും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ എഴുതിയത് കണ്ടിട്ടില്ലെന്നും വായിച്ചുനോക്കി നിലപാട് പറയാമെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചത്.