നിയമനം യുജിസി മാനദണ്ഡപ്രകാരം, നടക്കുന്നത് മാധ്യമവേട്ട; സ്വയം ന്യായീകരണവുമായി പ്രിയ വര്‍ഗീസ്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. നിയമനവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം യുജിസി മാനദണ്ഡപ്രകാരമാണെന്നും ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നത് മാധ്യമ വേട്ടയാണെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോള്‍ പറയാനുള്ളതെല്ലാം പറയുമെന്നും പ്രിയ വര്‍ഗീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

തസ്തികയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയയുടെ നിയമനം നടത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ ഇന്ന് പുറത്തുവന്നിരുന്നു. അധ്യാപക നിയമനത്തിനായി നടത്തിയ അഭിമുഖ പരീക്ഷയുടെ നിര്‍ണ്ണായക രേഖയിലാണ് ക്രമക്കേടുകള്‍ വ്യക്തമായത്. ഉദ്യോഗാര്‍ത്ഥികളില്‍ റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനായിരുന്നു. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കാണ് പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമായതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

യുജിസി അടിസ്ഥാനത്തിലുള്ള എട്ട് വര്‍ഷത്ത അധ്യാപനപരിചയം പ്രിയയ്ക്ക് ഇല്ലെന്നും നിയമനം ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ഗവര്‍ണര്‍ നേരത്തെ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു.