കിഫ്ബിയ്‌ക്കെതിരായ നീക്കം കേരളത്തിന്റെ വികസനം തടയാന്‍; എന്തെല്ലാം എതിര്‍പ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കൊല്ലം: ബി.ജെ.പിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗം ജനങ്ങളും എല്‍.ഡി.എഫിനെ സ്വീകരിച്ചു. എല്‍.ഡി.എഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടര്‍ഭരണം ലഭിച്ച ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കാലങ്ങളില്‍ സിപിഐഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം അത് തിരിച്ചറിഞ്ഞു. ഇടത് മുന്നണിയെ ദുര്‍ബ്ബലപ്പെടുത്താന്‍ സിപിഐഎമ്മിനെ ലക്ഷ്യം വെക്കണമെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടേണ്ടി വന്ന ഒരു പാര്‍ട്ടിയാണ് സിപിഐഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ വികസനം തടയാനാണ് ഇഡി ലക്ഷ്യമിടുന്നത്. കിഫ്ബിയെ ലക്ഷ്യമിടുന്നത് അതിനുവേണ്ടിയാണ്. കേരളത്തിലെ വികസനം തടയാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പാടില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നുപോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസും പങ്കുചേരുകയാണ്. കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാന്‍ കിഫ്ബിയെ തകര്‍ക്കണം. അതാണ് കിഫ്ബിയ്‌ക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.