കാര്‍ കൊക്കയിലേക്ക് മറിഞ്ഞു: സിനിമ-സീരിയല്‍ താരമടക്കം രണ്ടു യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂര്‍: കാര്‍ അപകടത്തില്‍ സിനിമ-സീരിയല്‍ താരമടക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ റോഡിലെ കല്ലില്‍ കയറി 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പല തവണ മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടതുമില്ല. കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഇരുവരും കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് റോഡിലേക്ക് എത്തിയത്. പിന്നീട് മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തില്‍ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തി വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു.