ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍; നിതീഷ് കുമാര്‍ എട്ടാം തവണയും മുഖ്യമന്ത്രി, തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി പദം

പാട്‌ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിഹാറില്‍ പുതിയ സഖ്യം രൂപീകരിച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇത് എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രിപദത്തില്‍ തേജസ്വിയുടെ രണ്ടാം ഊഴമാണിത്. എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ഇന്നലെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചതോടെയാണ് പുതിയ മഹാസഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയത്.

പാട്‌നയിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനാണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവായ ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി, തേജ് പ്രതാപ് യാദവ് എന്നിവരും ജെ.ഡി.യു, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികളുലെ പ്രമുഖ നേതാക്കളും പങ്കെടുക്കാന്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ചിരുന്നു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു.

അതേസമയം മന്ത്രിമാരാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സൂചന. സഖ്യത്തിനൊപ്പമുള്ള ഇടതുപാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും.