ഗവര്‍ണര്‍ പദവി വെറും പാഴ്, വീണ്ടും രാഷ്ട്രീയം കളിയ്ക്കാന്‍ ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിയ്ക്കുകയാണെന്നും കേരളത്തില്‍ ബിജെപിയ്ക്ക് പ്രതിനിധിയില്ലാത്തത് നികത്താനാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഗവര്‍ണര്‍ പദവിയിലൂടെ ശ്രമിക്കുന്നതെന്നും ജനയുഗം മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.

സംഘപരിവാറിന്റെ തട്ടകത്തില്‍നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണനിര്‍വ്വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ്. ഭരണഘടനാ പദവിയെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസ്സിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ക്ക് പല തവണയുണ്ടായിട്ടുണ്ട്.

ഗവര്‍ണര്‍ ഒപ്പിടാത്തത് മൂലം 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഭരണനിര്‍വ്വഹണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ അദ്ദേഹം ചെയ്തതിരിക്കുന്നത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പല ഓര്‍ഡിനന്‍സുകളും പുറപ്പെടുവിക്കേണ്ടത്. അനാവശ്യ പിടിവാശി മൂലം പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകള്‍ അസാധുവായി.

എന്നിട്ടും രാഷ്ട്രീയക്കളി അദ്ദേഹം തുടരുകയാണ്. സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തെ കുറ്റം പറഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന്‍ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവില്‍ നിന്ന് ശമ്പളം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു മടിയും ഉണ്ടായിരുന്നില്ലെന്നും പത്രം വിമര്‍ശിക്കുന്നു.