ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്; തടഞ്ഞ് പൊലീസ്, സംഘര്‍ഷം

തിരുവനന്തപുരം: തീരദേശ മേഖലയിലെ ജീവിതപ്രശ്‌നങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബോട്ടുകളുമായെത്തിയ മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ജില്ലയില്‍ പലയിടത്തും സംഘര്‍ഷമുണ്ടായത്. തിരുവല്ലം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജങ്ഷന്‍, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായെത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് നേരിയ വാക്കേറ്റവും ഉന്തും തളളുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ സമരം മൂലം തിരുവനന്തപുരം നഗരം സ്തംഭിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലമാണ് തീരദേശം മേഖലയെ അപ്പാടെ കടല്‍ വിഴുങ്ങുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഏറെ നാളായി പ്രതിഷേധ സമരത്തിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ളവരും സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ ഉള്ളവരും പട്ടിണിയിലാണെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറയുന്നു.

2018 മുതല്‍ മുന്നൂറോളം കുടുംബങ്ങള്‍ ഫുഡ് കോര്‍പ്പറേഷന്റെ ക്യാമ്പിലും സ്‌കൂള്‍ വരാന്തയിലുമാണ്. ഭരണസിരാകേന്ദ്രത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു.