പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ തീരുമാനം; ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.

ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് അസാധുവായത്.

പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അനുമതിയ്ക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം, സഭ പാസ്സാക്കി അയയ്ക്കുന്നത് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടി സമര്‍പ്പിച്ച പല ഓര്‍ഡിനന്‍സുകളും പല തവണ പുതുക്കിയതാണ്. അതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അടിയന്തര സാഹചര്യം ബോധ്യപ്പെടാതെ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മുമ്പാണ് ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാനായി ലഭിച്ചത്. ഇതില്‍ വിശദ പരിശോധന നടത്താതെ ഒപ്പിടാനാവില്ല. ഓരോ സര്‍വ്വകലാശാലയ്ക്കും ഓരോ ചാന്‍സലറഎന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.