ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; പെരിയാറിന്റെ തീരത്ത് ജാഗ്രതാനിര്‍ദ്ദേശം

കോതമംഗലം: ഇടമലയാര്‍ അണക്കെട്ടില്‍ റൂള്‍ കര്‍വ് പരിധി പിന്നിട്ടതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിലെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കുന്നത്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മറ്റ് ഷട്ടറുകള്‍ കൂടി തുറക്കും. ഇപ്പോള്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമാണ്.

ഇടമലയാര്‍ അണക്കെട്ടില്‍നിന്ന് ജലമൊഴുക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു.

അതേസമയം ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെയും മുഴുവന്‍ ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതിനാലും ഇടുക്കിയില്‍ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്.

അണക്കെട്ടില്‍ നിന്നും പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചതിനാല്‍ ചെറുതോണിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തടിയമ്പാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. പ്രദേശത്തെ നാല് വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. പ്രദേശത്തെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.