എന്‍.ഡി.എ വിട്ട് നിതീഷ് കുമാര്‍; ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

പാട്‌ന: ബി.ജെ.പിയുമായുള്ള ദീര്‍ഘനാളത്തെ സഖ്യം അവസാനിപ്പിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജ് ഭവനിലെത്തി ഗവര്‍ണറെ നേരില്‍ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. ആര്‍.ജെ.ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. ആര്‍.ജെ.ഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയുള്ള പുതിയ മന്ത്രിസഭയാണ് ഇനി നിതീഷ് കുമാറിന്റെ അടുത്ത ചുവട്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മന്ത്രിമാരെ ഇരുവരും ചേര്‍ന്ന് തീരുമാനിക്കും. 16 എം.എല്‍.എമാരുള്ള ഇടതുപാര്‍ട്ടികളും സഖ്യത്തിനൊപ്പമാണ്.

ബി.ജെ.പിയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സൂചിപ്പിച്ച് ഇത് എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ഇന്ന് ഉച്ചയോടെ സംസ്ഥാന ഗവര്‍ണറെ കാര്യം ധരിപ്പിച്ചത്. പിന്നാലെ രാജിക്കത്തും സമര്‍പ്പിക്കുകയായിരുന്നു.

മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിയ്ക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ജെ.ഡി.യു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുരഞ്ജനശ്രമങ്ങള്‍ നടത്താന്‍ നേരിട്ടെത്തിയെങ്കിലും ഫലം കണ്ടില്ല.