ഇടുക്കി ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍; ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു

തൊടുപുഴ: ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ല. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍ പൊട്ടിയത്. വള്ളിമഠത്തില്‍ പങ്കജാക്ഷി ബോസിന്റെ വീട് പൂര്‍ണ്ണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകര്‍ന്നു. സംഭവസമയത്ത് ഇവരാരും വീടുകളില്‍ ഉണ്ടായിരുന്നില്ല.

പ്രദേശത്തെ 12 വീടുകള്‍ അപകടഭീഷണിയിലാണ്. ഉരുള്‍പൊട്ടലില്‍ കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും രാവിലെ 8 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് പുനരാരംഭിച്ചു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന 8 ബൈക്കുകള്‍ക്ക് കേടുപാടുണ്ടായി.