മങ്കിപോക്‌സ് ലക്ഷണം; കണ്ണൂരില്‍ ഏഴു വയസ്സുകാരി നിരീക്ഷണത്തില്‍

കണ്ണൂര്‍: മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിനിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ.മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യു.കെയില്‍ നിന്ന് എത്തിയ കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജിലെ പ്രത്യേക ഐസൊലേഷന്‍ മുറിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം എടുത്ത് വിഗദ്ധ പരിശോധനയ്ക്കായി ആശുപത്രി അധികൃതര്‍ അയച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് രോഗമുക്തി നേടി. യുവാവിനെ കഴിഞ്ഞ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. യു.എ.ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനായിരുന്നു രോഗം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ രോഗമുക്തി നേടിയിരുന്നു.