വയനാട്ടിൽ ഇന്ന് വിദ്യാഭ്യാസ്ഥാപനങ്ങൾക്ക് അവധി; കുട്ടനാട്ടിലും അവധി

തിരുവനന്തപുരം: കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ല. ഇതിനു പകരം ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണെന്നും കലകടർ അറിയിച്ചു.

ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും ഇന്ന് അവധിയാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിൽ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.