ഓര്‍ഡിനന്‍സുകളില്‍ കണ്ണുംപൂട്ടി ഒപ്പിടില്ല, പഠിക്കാന്‍ സമയം വേണം; വഴങ്ങാതെ ഗവര്‍ണര്‍

ന്യൂഡെല്‍ഹി: തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ പഠിക്കാന്‍ സമയം വേണം. കൃത്യമായ വിശദീകരണവും വേണം. ഒരുമിച്ച് തന്ന് തിരക്ക് കൂട്ടേണ്ടതില്ല. ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണ്ണര്‍ ചോദിച്ചു.

ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണറുടെ അനുമതിയ്ക്കായി രാജ്ഭവനില്‍ എത്തിച്ചിരുന്നു. ഇതിനോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം. ചീഫ് സ്രെകട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലായിരുന്നു സര്‍ക്കാരിന് പ്രധാനപ്പെട്ടത്. ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ പഴയ ലോകായുക്ത നിയമം തന്നെ പ്രാബല്യത്തില്‍ തുടരും.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയ്ക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിനെ മറികടന്ന് വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചാണ് ഇതിന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയത്. ഓഗസ്റ്റ് 11-നാണ് ഇനി ഗവര്‍ണര്‍ തിരിച്ചെത്തുക.