ആര്‍എസ്എസ് വേദിയിലെത്തി ഉത്തരേന്ത്യയെ പുകഴ്ത്തി; കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.ഐ.എം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.ഐ.എം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മേയറുടെ സമീപനം സി.പി.ഐ.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.ഐ.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി.മോഹനന്‍ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷകസംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും സംഭവം വിവാദമായതിനെത്തുടര്‍ന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യമായി മേയറെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ബാലഗോകുലം സ്വത്വ 2022 എന്ന മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. കേരളം ശിശുപാലനത്തില്‍ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തില്‍ മേയര്‍ നടത്തിയ പരാമര്‍ശവും സിപിഐഎമ്മിനെ വെട്ടിലാക്കിയിരുന്നു.