ആളുമാറി സംസ്‌കരിച്ചത് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മൃതദേഹം; ഡിഎന്‍എ പരിശോധനാഫലം പുറത്ത്

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മരണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ ജൂലൈ 17-ന് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്.

ഈ മൃതദേഹം മേപ്പയൂര്‍ വടക്കേക്കണ്ടി സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ ഇത് ദീപക്കിന്റെ മൃതദേഹം അല്ലെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ശേഖരിച്ച് പൊലീസ് വീണ്ടും പരിശോധന നടത്തിയത്.

ജൂലൈ 16-ന് രാത്രി പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് താഴേയ്ക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇര്‍ഷാദിന്റേതാണെന്ന് തെളിഞ്ഞതും.

കേസില്‍ ഇതുവരെ കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷെഹീല്‍, പൊഴുതന സ്വദേശി സജീര്‍, പിണറായി സ്വദേശി മര്‍സീദ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അറസ്റ്റിലായവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മെയ് 13-നാണ് ഇര്‍ഷാദ് ഗര്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അധികം വൈകാതെ ജോലി ആവശ്യത്തിനായി വയനാട്ടിലേക്ക് പോയ മകനെ പിന്നെ കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതിനിടെ മകന്‍ കസ്റ്റഡിയിലുണ്ടെന്നും ഗള്‍ഫില്‍ നിന്നും കൊടുത്ത വിട്ട 60 ലക്ഷം വില വരുന്ന സ്വര്‍ണ്ണം കിട്ടാതെ മടക്കി അയയ്ക്കില്ലെന്നും സ്വര്‍ണ്ണക്കടത്ത് സംഘം ഇര്‍ഷാദിന്റെ വീട്ടിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. തെളിവിനായി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചതിന്റെ ചിത്രവും അയച്ചുകൊടുത്തിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ വിവരം ധരിപ്പിച്ചത്.