വി ആർ കൃഷ്‌ണ തേജ് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു

ആലപ്പുഴ: ജില്ലാ കലക്ടറായി വി ആർ കൃഷ്‌ണ തേജ് ചുമതലയേറ്റു. കനത്ത പ്രതിഷേധങ്ങളെ തുടർന്ന് വിവാദനായകൻ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ഒഴിവിലാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.

സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്‍റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്‍റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിന്‍റെ നിയമനത്തി നെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിന്‍റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.