സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് നാലര ലക്ഷത്തിലേറെ പേർ; ആദ്യ മുഖ്യ അലോട്ട്മെന്റ് നാലിന്

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് നാലര ലക്ഷത്തിലേറെ പേർ; ആദ്യ മുഖ്യ അലോട്ട്മെന്റ് നാലിന്

തിരുവനന്തപുരം: ഏകജാലക സംവിധാനംവഴി സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് നാലര ലക്ഷത്തിലേറെ പേർ. 4,71,278 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചത്. ഇതിൽ 4,27,117 പേർ എസ്.എസ്.എൽ.സി. വിജയിച്ചവരാണ്. 31,615 പേർ സി.ബി.എസ്.ഇ. സിലബസിലും, 3095 പേർ ഐ.സി.എസ്.ഇ. സിലബസിൽ പഠിച്ചവരുമാണ്. 9451 പേർ സ്പോർട്സ് വിഭാഗത്തിലും അപേക്ഷിച്ചിട്ടുണ്ട്.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ മുഖ്യ അലോട്ട്മെന്റ് ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 25-ന് വൈകിട്ട് അഞ്ചുമണിയായിരുന്നു. ഇതിനു ശേഷമുള്ള കണക്കാണിത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്-80,022. ഏറ്റവും കുറവ് വയനാട് ജില്ലയിലും-12,510. സി.ബി.എസ്.ഇ. വിഭാഗത്തിൽ അപേക്ഷകർ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്-4489.

ഐ.സി.എസ്.ഇ. വിഭാഗത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകർ എറണാകുളം ജില്ലയിലാണ്-591. ഏറ്റവും കുറവ് മലപ്പുറം ജില്ലയിൽ-25.