സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.

മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്.

ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ വരുന്ന നാലു ദിവസവും കടലി‍ൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും. ഇറിഗേഷൻ ,കെഎസ്ഇബി,മോട്ടോർ വെഹിക്കിൾ , ഫയർ ആൻഡ് റെസ്ക്യൂ , പോലീസ് , ഐ എം പി ആർ ഡി , ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെൻറർ ഭാഗമായിരിക്കും.

നിലവിലുള്ള എൻഡിആർഎഫിനെ കൂടാതെ എറണാകുളം കോട്ടയം കൊല്ലം മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകൾ നിയോഗിക്കും .ചെന്നൈയിലെ ആർക്കോണത്തുള്ളഎൻഡിആർഎഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക .ജില്ലാ തല എമർജൻസി കേന്ദ്രങ്ങളും ജാഗ്രത പുലർത്തുന്നുണ്ട് .