സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ മൂന്നു വരെ അതിശക്‌തമായ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ മൂന്നു വരെ അതിശക്‌തമായ മഴയ്‌ക്കു സാധ്യതയെന്നു മുന്നറിയിപ്പ്‌. ഇന്ന്‌ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ എന്നീ അഞ്ച്‌ ജില്ലകളില്‍ യെലോ അലര്‍ട്ട്‌.

യെലൊ അലര്‍ട്ടുള്ള ജില്ലകളിലെയും മലയോര മേഖലകളില്‍ മഴയുടെ തീവ്രത കൂടിയേക്കാമെന്നതിനാല്‍ അവിടെ ഓറഞ്ച്‌ അലര്‍ട്ടായി കാണണമെന്നും നിര്‍ദേശമുണ്ട്‌. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും മൂന്നിനു കൊല്ലം മുതല്‍ വടക്കോട്ട്‌ കോഴിക്കോട്‌, വയനാട്‌ വരെയുള്ള 11 ജില്ലകളിലും ഓറഞ്ച്‌ അലര്‍ട്ട്‌.
വ്യാപക മഴയ്‌ക്കൊപ്പം കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ അഞ്ചു ദിവസത്തേക്ക്‌ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

കേരള-ലക്ഷദ്വീപ്‌-കര്‍ണാടക തീരങ്ങളിലും അറബിക്കടല്‍ ഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റും ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിരകളും ഉയര്‍ന്നേക്കാം. ട്രോളിങ്‌ നിരോധനം ഇന്നലെ രാത്രിയോടെ അവസാനിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും കര്‍ണാടക-തമിഴ്‌നാട്‌ തീരത്തായുള്ള ന്യൂനമര്‍ദപാത്തിയുമാണ്‌ അതിശക്‌ത മഴയ്‌ക്ക്‌ കാരണം. നാലിനു വൈകിട്ടോടെ മഴയുടെ ശക്‌തി കുറഞ്ഞേക്കും.

ബുധനാഴ്‌ച കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ്‌ 12 ജില്ലകളിലും വ്യാഴാഴ്‌ച തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ഇടങ്ങളിലും അതിശക്‌തമായ മഴ പെയ്‌തേക്കും. ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്‌.