ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ സ്വന്തം കക്ഷിയിലെ വിമത എംപിമാർ കൊണ്ടുവന്ന പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു. 148ന് എതിരെ 211 വോട്ടുകൾ നേടിയാണ് ജോൺസൺ അധികാരത്തുടർച്ച ഉറപ്പിച്ചത്. പാർലമെന്റിൽ കൺസർവേറ്റീവ് പാർട്ടിക്ക് 359 അംഗങ്ങളാണുള്ളത്.

കുറഞ്ഞത് 180 എംപിമാരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കാൻ വേണ്ടിയിരുന്നത്. 15 ശതമാനത്തിലേറെ ഭരണകക്ഷി എംപിമാർ കത്തു നൽകിയതോടെയാണ് ഇന്നലെ അവിശ്വാസ വോട്ടെടുപ്പു നടന്നത്. കോവിഡ് ലോക്ഡൗൺ കാലത്ത് ഔദ്യോഗികവസതിയിൽ ചട്ടം ലംഘിച്ച് മദ്യസൽക്കാരങ്ങൾ നടത്തിയെന്ന ‘പാർട്ടിഗേറ്റ്’ വിവാദങ്ങളിൽ പ്രതിഛായ നഷ്ടമായ ജോൺസൺ രാജിവയ്ക്കണമെന്ന് ആവശ്യമുന്നയിക്കുന്ന എംപിമാരാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയത്.

ലോക്ഡൗൺ ചട്ടലംഘനങ്ങളിൽ ജോൺസൺ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണു വിമതർ രംഗത്തെത്തിയത്. മദ്യസൽക്കാരത്തിൽ പങ്കെടുത്തില്ലെന്നാണ് ആദ്യം ജോൺസൺ പ്രതികരിച്ചത്. എന്നാൽ തെളിവുകൾ പുറത്തുവന്നതോടെ മാപ്പപേക്ഷ നടത്തി. ലോക്ഡൗൺ കാലത്തു സംഘടിപ്പിച്ച സ്വന്തം ജന്മദിനാഘോഷ പാർട്ടിയിൽ പങ്കെടുത്തതിന് പൊലീസ് ജോൺസണു പിഴയിടുകയും ചെയ്തു.