വിസ്മയക്കേസ്: കിരൺ കുമാർ പൂജപ്പുര സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലിൽ

തിരുവനന്തപുരം: വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ 10 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ കിരൺ കുമാറിന് അധികൃതർ നൽകിയത് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ. ജയിലിലെ നമ്പർ 5018. സെല്ലിൽ കിരൺ കുമാർ മാത്രമാണുള്ളത്. കിരൺ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകൾ വിലയിരുത്തിയശേഷം മറ്റു തടവുകാർക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റും. മാധ്യമ ശ്രദ്ധയുള്ള കേസായതിനാൽ മറ്റു തടവുകാർക്കൊപ്പം പാർപ്പിക്കരുതെന്ന് ജയിൽ ഡി ജി പി സുദേഷ്‌കുമാർ സുപ്രണ്ടിന് കർശന നിർദ്ദേശം നല്കി. കൂടാതെ മറ്റു തടവുകാർ ഇയാളെ ആക്രമിക്കാൻ സാധ്യതയുള്ളതു കൂടി മുൻ കൂട്ടി കണ്ടാണ് കിരൺ കുമാറിനെ ഒറ്റയ്ക്ക് ഒരു സെല്ലിലാക്കിയത്.

എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലിലാണ് കിരൺകുമാർ ഉള്ളത്. ഈ സെല്ലിന് ഡിജിപി പറഞ്ഞ പ്രകാരം ജയിലധികൃതർ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കിരണിന്റെ ജയിലിലെ നമ്പർ 5018 ആണ്. ഒരാഴ്ച ഒറ്റയ്ക്ക് പാർപ്പിക്കാനാണ് ആലോചന. ഒരു കുറ്റ ബോധവുമില്ലാതെ തന്നെയാണ് കിരൺ സെൻട്രൽ ജയിലിന് ഉള്ളിലേക്ക് കടന്നത്. കോടതി വെറുത വിടുമെന്ന അഭിഭാഷക ഉറപ്പിൽ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടപ്പെട്ട മ്ളാനത് മാത്രമാണ് മുഖത്ത് പ്രകടമായത്. എത്തി കുറച്ചു കഴിഞ്ഞ് ഉച്ച ഭക്ഷണം വയറു നിറയെ കഴിച്ചു. സാധാരണ ഗതിയിൽ സെപ്ഷ്യൽ ആയി തടവുകാർക്ക് മീൻ നല്കുന്ന ദിവസമാണെങ്കിലും മീൻ കിട്ടാത്തതിനാൽ വെജ് മീൽസ് ആയിരുന്നു.

രാത്രിയും ചോറും മെഴുക്കു പുരട്ടിയും തോരനും രസവുമൊക്കെ കിരൺ ആവോളം കഴിച്ചു. രാത്രി ഭക്ഷണം വൈകുന്നേരം ആറ് മണിക്കാണ് നല്കിയത്. ജയിലിലെ പൊതു സ്ഥിതിയും കിരൺ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകളും വിലയിരുത്തിയശേഷം മറ്റു തടവുകാർക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റാനാണ് ആലോചന. അതും ഒരാഴ്ച കഴിഞ്ഞെ ഉണ്ടാകു. നേരത്തെ മൂന്നു മാസത്തോളം കിരൺ സെന്ററൽ ജയിലിൽ റിമാന്റിൽ കഴിഞ്ഞിട്ടുണ്ട്. അന്നൊക്കെ ഉദ്യോഗസ്ഥരോടും സഹ തടവുകാരോടും താൻ ചെയ്ത കുറ്റകൃത്യത്തെ കിരൺ കുമാർ ന്യായീകരിച്ചിരുന്നു. ഇനിയിപ്പോൾ ശിക്ഷിക്കപ്പെട്ടതിനാൽ ജയിലിൽ ജോലി ചെയ്യേണ്ടിവരും.

ജയിൽ വസ്ത്രം ധരിക്കണം. ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജയിലിനുള്ളിലെ ജോലികളിൽ ഏർപ്പെട്ടു തുടങ്ങണം. എന്തു തരം ജോലി ചെയ്യണമെന്നു ജയിൽ അധികാരികളാണ് തീരുമാനിക്കുന്നത്. വിദ്യാഭ്യാസമുള്ളവരെ ജയിൽ ഓഫിസിൽ സഹായികളായി നിയമിക്കാറുണ്ട്. മോട്ടോർ വാഹന വകുപ്പിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാറിനെ കേസിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓഫീസിലെ സഹായി ജോലി നൽകാൻ സാധ്യതയില്ല. വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റു തടവുകാരെ പ്പോല തന്നെ മെയ്യനങ്ങി കിരണും ജോലി ചെയ്യേണ്ടി വരും.

സൂപ്രണ്ടിന് മുന്നിൽ കിരൺ കുമാറിനെ വെരിഫിക്കേഷൻ നടപടികൾക്ക് ഹാജരാക്കും തുടർന്നാവും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. കേസിൽ വിചാരണ തുടങ്ങിയപ്പോൾ കിരൺകുമാറിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. രണ്ടു മാസം മുമ്പ് സുപ്രീംകോടതിയിൽ നിന്ന് കിരണിന് ജാമ്യവും ലഭിച്ചിരുന്നു. ഇതോടെ ജയിലിലെ ആത്മവിശ്വാസക്കാരനായി അതിവേഗം കിരൺ മാറി. പിന്നീട് പുറത്തേക്കിറങ്ങി. ജയിലിലെ സഹതടവുകാരോടും ജയിൽ ജീവനക്കാരോടുമെല്ലാം ഈ കേസിൽ നിന്ന് താൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞായിരുന്നു കിരൺകുമാർ അന്ന് പുറത്തിറങ്ങിയത്.

അതേ ജയിലിലേക്കാണ് കുറ്റം ചെയ്തുവെന്ന കോടതി നിരീക്ഷണത്തെ തുടർന്ന് വീണ്ടും കിരൺകുമാർ എത്തിയത്. രണ്ടു ദിവസം കൊല്ലം ജയിലിൽ കിടന്നു. പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ പൊലീസ് അകമ്പടിയിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചത്. കേസിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് കിരൺകുമാർ. എന്നാൽ എല്ലാ കുറ്റവും സംശയത്തിന് അതീതമായി തെളിയിക്കാൻ പോന്ന തെളിവുകളുണ്ട്. അതും വിസ്മയയുടെ വാക്കുകൾ. അതുകൊണ്ട് തന്നെ മേൽക്കോടതിയും കനിവ് കാട്ടില്ല. നേരത്തെ വിചാരണ തടവുകാരനായ കിരണിന് കേരളത്തിലെ കോടതികളൊന്നും ജാമ്യം അനുവദിച്ചില്ല. വിധി വരും മുമ്പ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടി. ഇത് കേസിനെ സ്വാധീനിക്കുമെന്നും വിധി അനുകൂലമാകുമെന്നും കിരൺകുമാറും കരുതി.

ഈ പ്രതീക്ഷകളാണ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടുമ്പോൾ കിരണിന്റെ മനസ്സിൽ. ഇത് ജയിലിലുള്ള എല്ലാവരോടും പങ്കുവച്ചായിരുന്നു പുറത്തേക്ക് ഇറങ്ങിയത്. കൊല്ലം ജയിലിൽ ശിക്ഷക്കപ്പെട്ട് എത്തിയ കിരൺ എല്ലാ അർത്ഥത്തിലും തെളിവുകൾ എതിരായെന്ന് തിരിച്ചറിയുകയായിരുന്നു. പത്ത് വർഷവും ജയിലിൽ കിടന്നേ മതിയാകൂ. കൃത്യമായ വർഷം പറയാതെ ശിക്ഷ വിധിച്ചാൽ സ്വാധീനത്തിലൂടെ ശിക്ഷാ ഇളവുകൾ സംഘടിപ്പിക്കും. എന്നാൽ കിരണിന് അതിന് കഴിയില്ല. പിഴ ശിക്ഷ അടച്ചില്ലെങ്കിൽ പിന്നേയും രണ്ടരക്കൊല്ലം അകത്തു കിടക്കണം. നല്ല പ്രായം മുഴുവൻ ജയിലിൽ കിടന്ന് മാത്രമേ ഈ കുറ്റവാളിക്ക് ഇനി പുറത്തിറങ്ങാൻ കഴിയൂ. ഇത് കിരണിനും അറിയാം.

പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്. സ്ത്രീധന പീഡനത്തിന് ഐപിസി 304 ബി പ്രകാരം പത്ത് വർഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.