തൊഴിൽ സ്ഥലത്ത് അശ്ലീലചിത്രം കാണുന്നത് അംഗീകരിക്കാനാവില്ല: ബോറിസ് ജോൺസൺ

ലണ്ടൻ: തൊഴിൽ സ്ഥലത്ത് അശ്ലീലചിത്രം കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ദിവസം ഹൗസ് ഓഫ് കോമൺസിൽ ഒരു എംപി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കണ്ടെന്ന ആരോപണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ സ്ഥലത്തെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തുടനീളമുള്ള ഏതു തരം ജോലിക്കും ഇത് ഒരുപോലെ ബാധകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോടു ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടിലെ പേരു വെളിപ്പെടുത്താത്ത അംഗമാണ് പാർലമെന്‍റിൽ ഇരുന്നു അശ്ലീല വീഡിയോ കണ്ടതായി ആരോപണം ഉയർന്നിട്ടുള്ളത്. കേസ് ഉചിതമായ നടപടികളിലൂടെ കടന്നുപോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ കർണാടക നിയമസഭയിലും സമാന ആരോപണം ഉയർന്നിരുന്നു. ഏതാനും എംഎൽഎമാർ ചേർന്നിരുന്നു മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതാണ് അന്നു വിവാദമായത്.