പാര്‍ട്ടി നേതൃനിരയില്‍ കൂടുതല്‍ യുവാക്കളെ കൊണ്ടുവരുന്നതിന് സിപിഐ

തിരുവനന്തപുരം : സിപിഐ നേതൃനിരയില്‍ കൂടുതല്‍ യുവാക്കളെ കൊണ്ടുവരുന്നതിന് ദേശീയ കൗണ്‍സിലിന്റെ മാര്‍ഗരേഖ സംസ്‌ഥാന കൗണ്‍സില്‍ ഏകകണ്‌ഠമായി അംഗീകരിച്ചു. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളുടെ പ്രായപരിധി 75 വയസായും ജില്ലാ, മണ്ഡലം സെക്രട്ടറിമാരുടേത്‌ 65 വയസായും നിജപ്പെടുത്താന്‍ സിപിഐസംസ്‌ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിച്ച സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. അസിസ്‌റ്റന്റ്‌ സെക്രട്ടറിമാര്‍ക്കും പ്രായപരിധി നിശ്‌ചയിച്ചു.

പാര്‍ട്ടിയിലെ തലമുറ- ലിംഗപരമായ വിടവുകള്‍ പരിഹരിക്കാനുളള പ്രായോഗികമായ തീരുമാനമാണിത്‌. പാര്‍ട്ടിയില്‍ യുവത്വം കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളാണ്‌ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്‌. കൂടുതല്‍ ചെറുപ്പക്കാരെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി പാര്‍ട്ടി ജില്ലാ, സംസ്‌ഥാന കൗണ്‍സിലുകളില്‍ 40 ശതമാനം അംഗങ്ങള്‍ 50 വയസില്‍ താഴെയുള്ളവരായിരിക്കണം എന്ന ദേശീയ കൗണ്‍സില്‍ തീരുമാനവും അംഗീകരിച്ചു.

സംസ്‌ഥാന, ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരില്‍ ഒരാള്‍ക്ക്‌ സെക്രട്ടറിയുടെ പ്രായം കവിയാന്‍ പാടില്ല. മറ്റൊരാള്‍ 60 വയസില്‍ താഴെയാകണം. ഇതിനായി പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ട്‌ വരാനും ദേശീയ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്‌.

തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികളില്‍ 15 ശതമാനം വനിതകളായിരിക്കണം എന്നും തീരുമാനിച്ചിട്ടുണ്ട്‌. 11,000 ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞപ്പോള്‍ നൂറ്‌ കണക്കിന്‌ പാര്‍ട്ടി ബ്രാഞ്ചുകളുടെ സെക്രട്ടറിമാര്‍ വനിതകളായിട്ടുണ്ട്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍, പട്ടികജാതി-വര്‍ഗ, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെ കമ്മിറ്റികളില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ നേരത്തെയും ശ്രമിച്ചിട്ടുണ്ട്‌. ഇനി കൂടുതലായി ശ്രമിക്കും.